SEARCH


Thalasseri Kadavathur Sree kuroolikkavu Bhagavathy Kshethram (കടവത്തൂര്‍ കുറൂളികാവ്‌ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Feb 20-21
Kumbam 8-9 കുറുളി കാവ് ________________________ #തീയ്യുതിരുന്ന_ദേവഭൂമി മലബാറിന്റെ കളിയാട്ടങ്ങളിൽ വേറിട്ട ഒരു ദൃശ്യാനുഭവമാണ് കടവത്തൂർ കുറൂളിക്കാവ് ഭൂമിയിൽ നിന്നും ദേവലോകത്തേക്കെന്ന പോലെ വ്രതശുദ്ധിയേറ്റ ആയിരം നാട്ടുമാനുഷർ വിശ്വാസതീവ്രതയിലുയിർപ്പിച്ച കനൽപന്തങ്ങൾ വാനോളം നീട്ടിയുയർത്തുന്നു. പ്രാർത്ഥനകൾ നിറഞ്ഞ മനസ്സുമായി, ഒരൊറ്റ അഗ്നികുണ്ഡത്തിൽ നിന്നും പകർന്ന പന്തങ്ങൾ സൂര്യശോഭയറ്റ ആകാശത്തിലേക്കുയർത്തി ഒരു നാടിന്ന് നാളെയുടെ വെളിച്ചം പകരുന്നു. പ്രാചീനതയിലെ കുറുമുള്ളുകാട്ടിന്റെ മദ്ധ്യേ തീക്കനലുതിരുന്ന നാട്ടുപന്തങ്ങൾക്ക് കീഴെ ഒരു നാടാകെ ഒറ്റമനസ്സിൽ വരിനിൽക്കുന്ന അതിശയഭൂമിക. തെയ്യപ്രപഞ്ചത്തിൽ സമാനതകളില്ലാത്ത അനുഷ്ഠാനവൈവിദ്ധ്യത്തിന്റെ ഒരൊറ്റദൃശ്യം. വടക്കിന്റെ തെയ്യസങ്കല്പങ്ങളിലെ ആചാരസപര്യകളിൽ വേറിട്ട് നിൽക്കുന്ന ദേശമാണ് കടവത്തൂർ കുറൂളിക്കാവ്. പെരിങ്ങത്തൂർ പുഴയുടെ ഓരങ്ങളിൽ സ്ഥാനപ്പെട്ട അതിസൗന്ദര്യമുള്ള ഏഴുമങ്കമാരുടെ ആകാരത്തണലിൽ നാട്ടുജീവിതം പച്ചയിട്ട ഭൂമി. കടവുകളുടെ നാടായ കടവത്തൂർ. ഗ്രാമ്യജീവിതങ്ങൾ വിശ്വാസ സങ്കല്പങ്ങളുടെ നിഴൽപറ്റി സ്വജീവിതം കരുപ്പിടിപ്പിച്ച നാട്ടിടം. പശ്ചിമഘട്ടത്തിന്റെ നിതാന്തവന്യതയിൽ നിന്നുയിർത്ത് അറബിക്കടലിന്റെ അനന്തനീലിമതേടി കുതികൊള്ളുന്ന മയ്യഴിപ്പുഴയാണതിന്റെ ജീവസിരകൾ. കടവത്തൂരെത്തുമ്പോൾ അത് പെരിങ്ങത്തൂർ പുഴയായി സ്വയമേ പരിണമിക്കുന്നു. വെയിലും മഴയുമേറ്റ ഗ്രാമ്യജീവിതങ്ങൾക്ക് രണ്ടുദേശങ്ങളിലേക്കുള്ള ഒറ്റവഴിയായ ഒരേയൊരു പെരിങ്ങത്തൂർ പുഴ. മലനാടിന്റെ നീരൊഴുകിയുണ്ടായ പച്ചയായ ജീവന്റെ സിരകൾ. വർഷാവർഷം കുംഭം 7,8,9 എന്നീ മൂന്ന് നാളുകളിലാണ് പ്രധാനസ്ഥാനമായ കുറൂളിക്കാവിൽ ഉത്സവനാളുകൾ. അരയാലും ചെമ്പകവും കൂവളവും തണലിടുന്ന കാവിലെ പ്രധാന പള്ളിയറയ്ക്ക്(ക്ഷേത്രം) നാല് നൂറ്റാണ്ടിലധികം പഴക്കം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉത്സവ നാൾ അസ്തമയ നേരം കഴിഞ്ഞാൽ നേർച്ചനോറ്റ മനുഷ്യർ ആകാശം നീളേ കനലുതിരുന്ന ഓടപ്പന്തങ്ങൾ വീശിക്കൊണ്ട് ഭഗവതിയുടെ വരവിനെ, വെള്ളാട്ടത്തെ ഭക്ത്യാദരം ആർപ്പുവിളികളോടെ എതിരേൽക്കും. കാവിന്റെ നേരവകാശികളും, നേർച്ചനേർന്ന വിശ്വാസികളുമാണ് ഈ നാളുകളിൽ നൂറുകണക്കായ പന്തങ്ങൾ കത്തിക്കുന്നത്. പ്രായഭേദമന്യേ പ്രത്യേക വേഷധാരികളായ പുരുഷന്മാരാണ് പന്തങ്ങൾ അർപ്പിക്കുന്നത്. എല്ലാവരും വാഴയിലകൊണ്ട് ശിരസ്സിലും, അരയ്ക്ക് ചുറ്റിലും പൊതിഞ്ഞിരിക്കും. പ്രാർഥനകൾക്കും കാത്തിരിപ്പിന്നുമൊടുവിൽ പിറ്റന്നാൾ ഭഗവതിയുടെ തിരുരൂപം മുറ്റത്തെത്തുമ്പോൾ താലപ്പൊലിയുമായി വരവേൽക്കാൻ സ്ത്രീകൾ വരിനിൽക്കുന്നുണ്ടാവും. ഒരു വർഷത്തെ കാത്തിരിപ്പിന്ന് വിരാമമിട്ട് ഭഗവതിയുടെ ഉടൽത്തണലിൽ ഒരു നാടൊന്നാകും. കാവിന്റ പരിസരത്തു മുസ്ലിം സമുദായക്കാർ ആണ് ഭൂരിപക്ഷം എങ്കിലും വളരെ പവിത്രതയോടെ ആണ് അവരും കാവിനെ കരുതുന്നത്. മതസൗഹാർദ്ദത്തിന്റെ പാരമ്പര്യത്തെ കുറിക്കുന്ന കാഴ്ചകൾ ഇവിടെ നടക്കുന്ന ആഘോഷങ്ങളിലും ഘോഷയാത്രകളിലും ഇന്നും പലരൂപത്തിൽ നമുക്ക് കാണാം. നാനാജാതിമതസ്ഥർ ഇതിൽ പങ്കെടുക്കുന്നു. കുറൂളിക്കാവ് പന്തോത്സവമെന്ന അപൂർവ്വകാഴ്ച കാണുവാൻ ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ എത്തിച്ചേരുന്നു. ഇവിടത്തെ ഐതിഹ്യം ആര്യർ നാട്ടിൽ നിന്ന് അതിസുന്ദരികളായ ഏഴുസഹോദരിമാർ മരക്കലം എന്നറിയപ്പെടുന്ന പായ്കപ്പലിൽ അറബിക്കടലിന്റെ വിസ്തൃതതീരത്ത് എത്തി. പായ്കപ്പലിൽ ഉപ്പുകാറ്റിന്റെ ദാക്ഷിണ്യത്തിൽ തെക്ക് ദിശയായവർ നീങ്ങി. ഒരു രാവും ഒരു പകലും മറയുമ്പോൾ മയ്യഴിയിലെ അഴിമുഖം കടന്നവർ പെരിങ്ങത്തൂർ പുഴയിലേക്ക് വഴിപിഴയ്ക്കാതെ ആനയിക്കപ്പെട്ടു. അതിനിടയിൽ ഒരു യുവതിയെ പുഴയാഴങ്ങളിൽ അവർക്ക് നഷ്ടമാകുന്നു. കടൽകടന്നെത്തിയവരിൽ ഏറ്റവും മുതിർന്ന സഹോദരിയാണ് കുറൂളിഭഗവതി. കോടഞ്ചേരി ഭഗവതി, പറങ്ങോളി ഭഗവതി, കണിയാമ്പള്ളിഭഗവതി, കാവിലായി ഭഗവതി, പൊഴേൽപോതി, വേങ്ങേരി ഭഗവതി, എന്നിവരാണ് മറ്റുള്ള ഉപദേവതകൾ. പുഴയിൽ മറഞ്ഞ ദേവതയെ പൊഴേൽപോതിയെന്ന് വിളിക്കപ്പെടുന്നു. ഓരോ സ്ഥാനങ്ങളിലും ദേവതമാർ പ്രത്യേകനാളുകളിൽ രൂപിണിയായി ഭക്തർക്ക് മുൻപിൽ പ്രത്യക്ഷമാകും. കൂട്ടത്തിൽ, പറങ്ങോളി ഭഗവതിക്കും, കണിയാമ്പള്ളിഭഗവതിക്കും തെയ്യക്കോലമില്ല, പകരം അതാത് സ്ഥാനങ്ങളിൽ ഉത്സവങ്ങൾ മാത്രമാണുള്ളത്. ഒരു നാട് മുഴുക്കെ കൊണ്ടാടുന്ന അതിവിശാലമായ ഉത്സവമാണ് കടവത്തൂർ കുറൂളിക്കാവ് പന്തോത്സവം. പ്രാദേശികഭാഷ്യങ്ങളിൽ നിലനിൽക്കുന്ന ഐതീഹ്യങ്ങളിൽ, വാമൊഴിപ്പകർച്ചകൾ കാലാന്തരേണ തീർക്കുന്ന വൈവിധ്യങ്ങൾ സാധാരണമായതിനാൽ തന്നെ, മേൽപറഞ്ഞ ചരിതത്തിലും സമാനമായ കൈമാറ്റപ്പഴക്കങ്ങൾ തീർച്ചയായും കണ്ടേക്കാം. കുർദ് കൾ വസന്തോൽസവത്തിന്റെ ഭാഗം ആയി നടത്തുന്ന തീപ്പന്ത ഘോഷയാത്രയും ആയി ഇവിടത്തെ തീ പന്തം കൊളുത്തൽ ചടങ്ങിനു സാമ്യം ഉണ്ടെന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വയലെംബ്രാൻ വിഭാഗത്തിൽ പെട്ട ഒരു കുടുംബത്തിന്റെ കുടുംബ ക്ഷേത്രമായിരുന്ന ഈ കാവ് സ്വത്തു തർക്കം മൂലവും, അടിപിടി കാരണവും വളരെ കാലം ഉത്സവം നടക്കാതെ നിന്നപ്പോൾ കുറുളി ചേകവന്റെ മേൽനോട്ടത്തിൽ ഉത്സവം പുനരാരംഭിക്കുക ആയിരുന്നു. കുറുളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ട് ചേകവൻ കുറുളി ചേകവനായി എന്നും ചരിത്രം ഉണ്ട്. ചേകവന്റെ മരണത്തിന് ശേഷം ഈ ക്ഷേത്രത്തിൽ ഉത്സവത്തിന് മേൽനോട്ടം വഹിക്കാൻ ഉള്ള അവകാശം കുറൂളി ചേകവന്റെ ശത്രു ആയ വടകര നാടുവാഴിക്ക് ലഭിച്ചു. നാടുവാഴി യുടെ കീഴിൽ വന്നതോടെ കാവിന്റ ഐതിഹ്യത്തിലും ആചാരത്തിലും മറ്റും പല രീതിയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. കടൽ കടന്ന് എത്തിയ കുറുളിഭഗവതി ബ്രാഹ്മണ സ്ത്രീ ആണെന്ന വാദവും ഇപ്പോൾ പ്രചാരത്തിൽ ഉണ്ട് . പണ്ടുകാലത് കടവത്തൂർ ദേശത്തിന്റെ ഭരണസിരാ കേന്ദ്രമായും, കോടതി ആയും എല്ലാം പ്രവർത്തിച്ചിരുന്ന ഈ കാവ് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് ന്റെ കീഴിൽ ആണ്. Content : ajith Komath





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848